കാഠ്മണ്ഡു: കുവൈറ്റിൽ വിഷമദ്യദുരന്തത്തിൽ മരിച്ച 23 പേരിൽ 12 നേപ്പാൾ സ്വദേശികളെന്ന് കുവൈറ്റിലെ നേപ്പാൾ എംബസി. വിഷമദ്യ ദുരന്തത്തിനു പിന്നാലെ കുവൈറ്റ് ആഭ്യന്തരമന്ത്രാലയം നടത്തിയ റെയ്ഡിൽ ഇന്ത്യക്കാരുൾപ്പെടെ 67 പേർ അറസ്റ്റിലായി.
മുഖ്യപ്രതിയായ ബംഗ്ലാദേശ് സ്വദേശിയെയും ഇന്ത്യൻ പൗരനെയും രണ്ട് നേപ്പാൾ സ്വദേശികളെയും പോലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ നടത്തിവന്ന ആറ് അനധികൃത മദ്യ ഫാക്ടറികൾ സീൽ ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. 160 പേരാണ് മെഥനോൾ ചേർത്ത വ്യാജമദ്യം കഴിച്ച് അവശരായത്. മുപ്പതോളം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 21 പേർക്ക് കാഴ്ച നഷ്ടമായി. മദ്യം നിർമിക്കുന്നതും വിൽക്കുന്നതും കഴിക്കുന്നതും കുവൈറ്റിൽ നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
മുഖ്യപ്രതിക്കെതിരേ കൊലക്കുറ്റം ചുമത്തുമെന്ന് കുവൈറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തൊഴിൽനിയമവും കുടിയേറ്റ നിയമവും ലംഘിച്ചവർക്കെതിരേയും കർശന നടപടിയുണ്ടാകും. ചികിത്സ കഴിഞ്ഞയുടൻ ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യംചെയ്യും. ഇവരെ ഭാവിയിൽ കുവൈറ്റിലേക്കു പ്രവേശിക്കുന്നതു വിലക്കും.